വിദ്യാഭ്യാസ രംഗത്ത് വളരെക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രദേശമാണ് കാങ്കോല്‍ ആലപ്പമ്പ് ഗ്രാമ പഞ്ചായത്ത്. വൈദേശിക ഭരണത്തിനെതിരെ രൂപം കൊണ്ട ദേശീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഏറെ സഹായകരമായ ചരിത്രമാണ് ഉള്ളത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും വിദ്യാഭ്യാസം നല്ല പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.
സവര്‍ണ്ണര്‍ അവരുടെ കുടുംബാങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ആരംഭിച്ച വിദ്യാകേന്ദ്രങ്ങള്‍ പിന്നീട് സമൂഹത്തിന്റെ വിവിധ തട്ടുകളില്‍പ്പെട്ട ആളുകള്‍ക്ക് അക്ഷരാഭ്യാസം നേടുന്നതിന് സഹായകരമായിട്ടുണ്ട്. വേദേഹിസാങ്ങള്‍, വൈദ്യം, വിഷവൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം എന്നീ മേഖലകളിലും നല്ല പ്രാവീണ്യം നേടിയ മഹത് വ്യക്തിത്വങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. അവരുടെ കഴിവുകള്‍ വാമൊഴിയായും വരമൊഴിയായും പിന്‍തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചവരുമായിരുന്നു.
ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പു തന്നെ നിരവിധി അനൌപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. കാങ്കോല്‍ പ്രദേശത്ത് അനൌപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സംരംഭം കുണ്ടയം കൊവ്വലിലെ ഇന്നത്തെ ഹെല്‍ത്ത് സെന്ററിന് സമീപം ആരംഭിച്ച വിദ്യാകേന്ദ്രമാണ് ശ്രീ. സി കെ നാരായണന്‍ നായര്‍, മഞ്ഞ കുഞ്ഞിരാമപൊതുവാള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നത് ഇത്. തുടര്‍ന്ന് കാങ്കോല്‍ അമ്പലത്തിന്റെ വടക്കുവശം വലിയചാല്‍ വീട്ടകാരുടെ വക ഒരു വിദ്യാകേന്ദ്രവും ആരംഭിച്ചു. ആലപ്പടമ്പില്‍ അയ്യന്‍തൊട്ടി, എരഞ്ഞിക്കീല്‍ എന്നീ സ്ഥലങ്ങളിലും വിദ്യാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. തെക്കെ മഠത്തില്‍ വിഷ്ണു ശര്‍മ്മയുടെ മേല്‍ നോട്ടത്തിലും ഒരു പാഠശാല പ്രവര്‍ത്തിച്ചു വന്നിരുന്നു. ഈ രംഗത്ത് അക്കാലത്ത് സേവനമനുഷ്ടിച്ചവരില്‍ തിടില്‍ കൈപ്രത്ത് കമ്മാരനെഴുത്തച്ചന്‍, പൊന്നറിയാന്‍ ശിവായി, വടവന്നൂര്‍ ടി കെ രാമര്‍ എന്നിവര്‍ അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് മാതൃക സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു.
ഔപചാരിക വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ നിലവില്‍വരുന്നതിന് മുമ്പു തന്നെ ഈ പ്രദേശങ്ങളിലെ അപൂര്‍വ്വം ചിലര്‍ വിദൂര സ്ഥലങ്ങളില്‍ പോയി പഠനം നടത്തി ഉന്നത സ്ഥാനീയരായവരും ഉണ്ടായിരുന്നു. പയ്യന്നൂര്‍ ഗവ.ഹൈസ്ക്കൂളില്‍ ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ടിച്ച ശ്രീ തെക്കെ മഠത്തില്‍ വിഷ്ണു നമ്പീശന്‍ ഈ പ്രദേശത്തെ ആദ്യത്തെ ബിരുദാനന്തരബിരുധദാരിയാണ്. ഇദ്ദേഹം മദ്രാസ് പ്രസിഡന്‍സിയില്‍ നിന്ന് എം എം ബിരുദം ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ വ്യക്തിത്വമാണ്.
പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ കാങ്കോല്‍ ALPS, 1915 ല്‍ സ്ഥാപിതമായി. ഇതിന് നേതൃത്വം നല്‍കിയത് പനയന്തട്ട വലിയ ചാല്‍ വീട്ടില്‍ അനന്തന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവരാണ് പഞ്ചായത്തിലെ വിവിധ പ്രദേശത്തുള്ളവര്‍ക്ക് ഈ വിദ്യാലയം പ്രയോജനപ്പെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1926 ല്‍ വടശ്ശേരി എല്‍ പി സ്ക്കൂള്‍, 1927 ല്‍ വിഷ്ണു ശര്‍മ്മ സ്ക്കൂള്‍ കുറുവേലി, 1934 ല്‍ എസ് വി എല്‍ പി സ്ക്കൂള്‍ ആലക്കാട് എന്നിവയും ആരംഭം കുറിച്ചു.
ഇതോടൊപ്പം തന്നെ പ്രദേശത്ത് അനൌപചാരിക വിദ്യാകേന്ദ്രങ്ങളായ വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍, നാടക സംഘങ്ങള്‍, കര്‍ഷക പ്രസ്ഥാനങ്ങള്‍ ഇവ വിദ്യാഭ്യാസ പ്രേരക ശക്തികളായും പ്രവര്‍ത്തിച്ചു വരുന്നു.
ലോവര്‍ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മലബാര്‍ സിറ്റിക്ക് ബോര്‍ഡിന്റെ കീഴില്‍ ആദ്യത്തെ സംരംഭം യശശ്ശരീരനായ ശ്രീ ബാലന്‍ മാസ്റ്റര്‍ അദ്ധ്യാപകനായി കുണ്ടയം കൊവ്വല്‍ വായനശാലയില്‍ ആരംഭിച്ച ഏകാദ്ധ്യാപക വിദ്യാലയമാണ്.
1946 ല്‍ ശ്രീ ടി എം പരമേശ്വരന്‍ നമ്പീശനും, ശ്രീ ടി വി ഗോവിന്ദ പൊതുവാളും നേതൃത്വം നല്‍കി ഏറ്റുക്ക എ എല്‍ പി സ്ക്കൂള്‍ സ്ഥാപിതമാക്കുകയും ഈ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തച്ചതിന്റെ ഭാഗമായി ശ്രീ പരമേശ്വരന്‍ നമ്പീശന്റെ സര്‍ട്ടിഫിക്കറ്റ് സസ്പെന്റ് ചെയ്യപ്പെടുകയും ഒളിവിലും ജയിലിലും പോകേണ്ടി വന്നതിനാലും അദ്ദേഹത്തിന് മാനേജ്മെന്റ് സ്ഥാനം നഷ്ടപ്പെടുകയും ശ്രീ ഗോവിന്ദപൊതുവാള്‍ സ്ക്കൂള്‍ മാനേജ്മെന്റ് നടത്തിപ്പോരുകയും ചെയ്തു. ഇപ്പോള്‍ യു പി സ്ക്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.
ഇതേ കാലയളവില്‍ ഇതോടപ്പം തന്നെ ശ്രീ പി നാരായണന്‍ മാസ്റ്റര്‍, എം എസ് നമ്പൂതിരി, എം പി രാഘവന്‍ നമ്പ്യാര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോവര്‍ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി അക്കാലത്ത് കരിവെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിനേയും പയ്യന്നൂര്‍ ബോര്‍ഡ് ഹൈസ്ക്കൂളിനേയും ആണ് പ്രധാനമായും ആശ്രയിച്ചുവന്നത്. വര്‍ദ്ധിച്ച തോതിലുള്ള ഫീസും യാത്രാ അസൌകര്യങ്ങളും ഉപരി പഠനത്തിന് കാര്യമായ തടസ്സം സൃഷ്ടിച്ചിരുന്നതായി കാണാം. ഈ പരിതസ്ഥിതിയാണ് സാമൂഹ്യ വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ കര്‍മ്മ നിരതനായിരുന്ന ശ്രീ പി നാരായണന്‍ നായര്‍ സ്വയം പ്രചോദിതനായി സ്ഥാപിച്ചത്. പഞ്ചായത്തിലും പരിസര പഞ്ചായത്തുകളിലുള്ളവര്‍ക്കും ഉപരിപഠനത്തിനായി ഈ സ്ഥാപനം ഏറെ സഹായകരമായിട്ടുണ്ട്.